1 യോഹന്നാൻ 5:1-12

1 യോഹന്നാൻ 5:1-12 MCV

യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു. ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്ന് നമുക്കറിയാം. ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല. ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്കു ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്. യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവർക്കല്ലാതെ ആർക്കാണ് ലോകത്തെ അതിജീവിക്കാൻ കഴിയുന്നത്? യേശുക്രിസ്തു എന്ന ഒരാൾമാത്രമാണ് വെള്ളത്താലും രക്തത്താലും വന്നത്. അവിടന്ന് വന്നത് വെള്ളത്താൽമാത്രമല്ല, വെള്ളത്താലും രക്തത്താലുമാണ്. ഇക്കാര്യത്തിന് സാക്ഷ്യം നൽകുന്നത് ആത്മാവാണ്; അവിടന്ന് സത്യമാണ്. സാക്ഷ്യം നൽകുന്നവർ മൂവരാണ്: ആത്മാവ്, വെള്ളം, രക്തം. ഇവർ മൂവരുടെയും സാക്ഷ്യം ഒന്നുതന്നെയാണ്. മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നല്ലോ; അതിലും ശ്രേഷ്ഠതരമാണ് ദൈവത്തിന്റെ സാക്ഷ്യം. കാരണം സ്വപുത്രനെക്കുറിച്ച് ദൈവംതന്നെ നൽകിയ സാക്ഷ്യമാണ് അത്. ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല. ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്. ദൈവപുത്രൻ ഉള്ളവർക്കെല്ലാം നിത്യജീവനുണ്ട്; ദൈവപുത്രൻ ഇല്ലാത്തവർക്കു ജീവനില്ല.