ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ? അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു. എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എനിക്ക് ഇങ്ങനെ അഭിമാനിക്കാനുള്ള അവകാശം ആരെങ്കിലും എന്നിൽനിന്ന് കവർന്നെടുക്കുന്നതിനെക്കാൾ, എനിക്കു മരണം സംഭവിക്കുന്നതാണ് കൂടുതൽ അഭികാമ്യം. എങ്കിലും, സുവിശേഷം അറിയിക്കുന്നതിൽ എനിക്ക് ആത്മപ്രശംസയ്ക്ക് അതൊരു കാരണമല്ല; ഞാൻ അതിനു കടപ്പെട്ടവനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്. അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശം മുഴുവൻ ഉപയോഗിക്കാതെ സുവിശേഷഘോഷണം ഒരു യാഗാർപ്പണംപോലെ സൗജന്യമായി ചെയ്യാൻ എനിക്കു കഴിയുന്നു എന്നതുതന്നെ. ഞാൻ ആർക്കും അധീനൻ അല്ലെങ്കിലും പരമാവധിപേരെ ക്രിസ്തുവിലേക്കു നേടേണ്ടതിന് ഞാൻ എല്ലാവർക്കും എന്നെത്തന്നെ അധീനനാക്കിയിരിക്കുന്നു. യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ഞാൻ ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപോലും ന്യായപ്രമാണത്തിന് അധിനരായവരെ നേടാൻ ഞാനും അവരിൽ ഒരാളെപ്പോലെയായി. ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ഞാൻ ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനായിരിക്കുന്നതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രനല്ലതാനും. അശക്തരെ നേടാൻ ഞാൻ അവർക്കുവേണ്ടി അശക്തനായി. ഏതുവിധത്തിലും ചിലരെ രക്ഷയിലേക്ക് നയിക്കാനായി ഞാൻ എല്ലാവർക്കുംവേണ്ടി എല്ലാം ആയിത്തീർന്നു. സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കാളിയാകാൻ സുവിശേഷത്തിനുവേണ്ടി ഞാൻ ഇതെല്ലാം ചെയ്യുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ? നിങ്ങളും സമ്മാനം നേടണമെന്ന ലക്ഷ്യത്തോടെ ഓടുക. കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശന നിയന്ത്രണത്തിലൂടെ പരിശീലനം നേടുന്നു. വാടിപ്പോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ അതു ചെയ്യുന്നത്; നാമോ വാടിപ്പോകാത്ത കിരീടത്തിനുവേണ്ടിയും. അതുകൊണ്ടാണ് എന്റെ ഓട്ടം ലക്ഷ്യമില്ലാത്ത ആളിന്റെ ഓട്ടംപോലെ അല്ലാത്തത്. മുന്നിൽ എതിരാളിയില്ലാതെ മല്ലയുദ്ധംചെയ്യുന്ന ഒരാളെപ്പോലെയല്ല ഞാൻ യുദ്ധംചെയ്യുന്നത്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഏതെങ്കിലുംരീതിയിൽ ഞാൻ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കഷ്ടതയിലൂടെ കടത്തിവിട്ട് നിയന്ത്രണവിധേയമാക്കുന്നു.
1 കൊരിന്ത്യർ 9 വായിക്കുക
കേൾക്കുക 1 കൊരിന്ത്യർ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 9:13-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ