1 കൊരിന്ത്യർ 7:1-9

1 കൊരിന്ത്യർ 7:1-9 MCV

ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെക്കുറിച്ച്: “സ്ത്രീയെ അറിയാ തിരിക്കുന്നത് പുരുഷനു നല്ലത്.” എന്നാൽ അസാന്മാർഗികത ഒഴിവാക്കാൻ ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അധികാരം. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അധികാരം. ഭാര്യാഭർത്താക്കന്മാർ പരസ്പരം സമ്മതിച്ചുകൊണ്ട് നിശ്ചിതസമയത്തേക്ക് പ്രാർഥനയിൽ മുഴുകുന്നതിനായി പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒരുമിച്ചുചേരുക. ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ ഇതു പറയുന്നത്: എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. എങ്കിലും ഓരോരുത്തർക്കും ദൈവത്തിൽനിന്ന് അവരവരുടേതായ കൃപാദാനം ലഭിച്ചിട്ടുണ്ടല്ലോ; ഒരാൾക്ക് ഒരുതരം; മറ്റൊരാൾക്ക് മറ്റൊരുതരം. അവിവാഹിതരോടും വിധവകളോടും ഞാൻ നിർദേശിക്കുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്. എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്.