സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, ദൈവികരഹസ്യങ്ങൾ നിങ്ങളോടു പ്രഘോഷിച്ചതു വാഗ്വൈഭവമോ മാനുഷികജ്ഞാനമോ പ്രയോഗിച്ചുകൊണ്ടായിരുന്നില്ല. ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്. എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു. നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, പക്വതയുള്ളവരുടെ മധ്യേ ഞങ്ങൾ ജ്ഞാനത്തിന്റെസന്ദേശം ഘോഷിക്കുന്നു. അത് ഈ യുഗത്തിന്റെയോ ഈ കാലഘട്ടത്തിന്റെ നശിച്ചുപോകാനിരിക്കുന്നവരായ ഭരണാധികാരികളുടെയോ ജ്ഞാനമല്ല. ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു. ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്, ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു! എന്നാൽ, നമുക്ക് അത് ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവ് സകലതും, ദൈവത്തെ സംബന്ധിച്ച അഗാധകാര്യങ്ങൾപോലും, ആഴത്തിൽ ആരായുന്നു. ഒരു മനുഷ്യന്റെ ആത്മാവല്ലാതെ അയാളുടെ ചിന്തകൾ വേറെ ആരാണറിയുക? അങ്ങനെതന്നെ, ദൈവത്തിന്റെ ആത്മാവൊഴികെ മറ്റാരും ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുന്നില്ല. ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവം നമുക്കു സൗജന്യമായി നൽകിയിരിക്കുന്നതു ഗ്രഹിക്കാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെയാണ് നാം പ്രാപിച്ചിരിക്കുന്നത്. മനുഷ്യജ്ഞാനം ഞങ്ങളെ പഠിപ്പിച്ച വാക്കുകളിലൂടെയല്ല, ആത്മാവു പഠിപ്പിച്ച വാക്കുകളിലൂടെയാണ് ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത്; അങ്ങനെ, ഞങ്ങൾ ആത്മികപാഠങ്ങൾ ആത്മാവിനാൽത്തന്നെ വ്യക്തമാക്കുന്നു. ദൈവാത്മാവ് ഇല്ലാത്തയാൾ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല, അവ അയാൾക്കു ഭോഷത്തമായി തോന്നുന്നു; ആത്മികമായി വിവേചിക്കേണ്ടതാകുകയാൽ അവയെ ഗ്രഹിക്കാൻ അയാൾക്കു സാധ്യവുമല്ല. സകലതും ആത്മികർ വിവേചിക്കുന്നു; ആർക്കും അവരെ വിധിക്കാനാകുന്നതുമില്ല. “കർത്താവിന്റെ മനസ്സ് അറിഞ്ഞ് അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?” നമുക്കോ ക്രിസ്തുവിന്റെ മനസ്സുണ്ട്.
1 കൊരിന്ത്യർ 2 വായിക്കുക
കേൾക്കുക 1 കൊരിന്ത്യർ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 2:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ