1 കൊരിന്ത്യർ 15:12-26

1 കൊരിന്ത്യർ 15:12-26 MCV

ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നാണ് പ്രസംഗിക്കപ്പെടുന്നത്. അപ്പോൾ മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം. തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു എന്നു ദൈവത്തെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്ന ഞങ്ങൾ ദൈവത്തിനെതിരേ വ്യാജ സാക്ഷികൾ എന്നും വരും. കാരണം, മരിച്ചവർ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല. മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിനും പുനരുത്ഥാനം ഉണ്ടായിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം; നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിൽ തന്നെ സ്ഥിതിചെയ്യുന്നു. ക്രിസ്തുവിൽ വിശ്വസിച്ച ശേഷം നിദ്രപ്രാപിച്ചവരും നശിച്ചുപോയിരിക്കുന്നു. നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചുമാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്. എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്. ഒരു മനുഷ്യനിലൂടെ മരണം, ഒരു മനുഷ്യനിലൂടെത്തന്നെ മരിച്ചവരുടെ പുനരുത്ഥാനവും! ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ; അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും. സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു. ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം.