റോമർ 10:1-11

റോമർ 10:1-11 വേദപുസ്തകം

സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു. അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു. അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ, ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.” എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

റോമർ 10:1-11 - നുള്ള വീഡിയോ