സങ്കീർത്തനങ്ങൾ 63

63
ദാവീദിന്റെ ഒരു സങ്കീർത്തനം; അവൻ യെഹൂദാമരുഭൂമിയിൽ ഇരിക്കുംകാലത്തു ചമെച്ചതു.
1ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും;
വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു;
എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
2അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു
ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.
3നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു;
എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
4എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും;
നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
5എന്റെ കിടക്കയിൽ നിന്നെ ഓർക്കയും
ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
6എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു;
എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
7നീ എനിക്കു സഹായമായിത്തീർന്നുവല്ലോ;
നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
8എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു;
നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
9എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു;
അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
10അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും;
കുറുനരികൾക്കു അവർ ഇരയായ്തീരും.
11എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും;
അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും;
എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 63: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക