സങ്കീർത്തനങ്ങൾ 34:11-22

സങ്കീർത്തനങ്ങൾ 34:11-22 വേദപുസ്തകം

മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം. ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ? ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക; ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക. യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു. നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല. അനർത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും. യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.