സങ്കീർത്തനങ്ങൾ 27:7-14

സങ്കീർത്തനങ്ങൾ 27:7-14 വേദപുസ്തകം

യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ. “എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ. എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ. എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിർത്തുനില്ക്കുന്നു. ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം! യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.