സങ്കീർത്തനങ്ങൾ 25:1-15

സങ്കീർത്തനങ്ങൾ 25:1-15 വേദപുസ്തകം

യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു; എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ. നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു. യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ. എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ. യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു. സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു. യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ. യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും. അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.