സങ്കീർത്തനങ്ങൾ 143:4-11

സങ്കീർത്തനങ്ങൾ 143:4-11 വേദപുസ്തകം

ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു. ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു. ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ. യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ. രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ. യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു. നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ. യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.