സങ്കീർത്തനങ്ങൾ 119:49-72

സങ്കീർത്തനങ്ങൾ 119:49-72 വേദപുസ്തകം

നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു. നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‌വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കുഉപദേശിച്ചു തരേണമേ. യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു. നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ. കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു. നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.