നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു. യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി. ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു. ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളക്കു കെട്ടുപോകും. മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു. അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു? ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല. ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും. അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേൽ വരും. നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു. വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക. കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു. അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു. ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു. കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
സദൃശവാക്യങ്ങൾ 24 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 24:17-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ