സദൃശവാക്യങ്ങൾ 14:1-18

സദൃശവാക്യങ്ങൾ 14:1-18 വേദപുസ്തകം

സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു. കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു. വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം. മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം. ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം. ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു; ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.