സദൃശവാക്യങ്ങൾ 10:11-20

സദൃശവാക്യങ്ങൾ 10:11-20 വേദപുസ്തകം

നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു. വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം. ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.