അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു: യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും. അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ. നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു. മോശെ ഓരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു. യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു. നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു. യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു. അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു; ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടു വന്നു. മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു. എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു. ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‌വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹേതുവായതു. ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ. നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം. സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമം കൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ. പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു: പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു, വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം. ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
സംഖ്യാപുസ്തകം 31 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യാപുസ്തകം 31:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ