അവിടെ നിന്നു അവൻ പുറപ്പെട്ടു യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു. അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു. അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു. ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു. യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു. *സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. *അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു. അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു. അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. *ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു. അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. *കൊലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. അവൻ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു. യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു. യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു. അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു. അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു. പത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. *എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.
മർക്കൊസ് 10 വായിക്കുക
കേൾക്കുക മർക്കൊസ് 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 10:1-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ