മർക്കൊസ് 1:29-45

മർക്കൊസ് 1:29-45 വേദപുസ്തകം

അനന്തരം അവർ പള്ളിയിൽ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു. അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു. അവൻ അടുത്തുചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു. വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു. നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല. അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു. യേശു അവനെ അമർച്ചയായി ശാസിച്ചു: നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.