മത്തായി 9:18-31

മത്തായി 9:18-31 വേദപുസ്തകം

അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു. അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ: അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു. പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു: മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു. ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു. അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.