മത്തായി 26:31-46

മത്തായി 26:31-46 വേദപുസ്തകം

യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും. അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു, പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു. അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു. പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.