അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു: വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു. സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു. അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി. അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. അവൻ അവരോടു:നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു:അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
ലൂക്കൊസ് 9 വായിക്കുക
കേൾക്കുക ലൂക്കൊസ് 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 9:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ