അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു. അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു. അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും. യേശു അവനോടു:നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു. പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു. ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്തന്നു സൗഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു. ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു. ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു. അതിന്നു അവൻ:നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു. യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു. അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു. അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു. അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി. എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു. യേശുവോ:ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു. താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൗഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു. അവൻ അവളോടു:മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു. യേശു അതുകേട്ടാറെ:ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല. എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ:കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു. അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു. എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു;ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു. അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
ലൂക്കൊസ് 8 വായിക്കുക
കേൾക്കുക ലൂക്കൊസ് 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 8:26-56
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ