ലൂക്കൊസ് 5:17-39

ലൂക്കൊസ് 5:17-39 വേദപുസ്തകം

അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു. അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ:മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു:നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു:എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി. എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു. അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു;എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു. ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു. യേശു അവരോടു:ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. യേശു അവരോടു:മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു. ഒരു ഉപമയും അവരോടു പറഞ്ഞു:ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു. പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.