ലൂക്കൊസ് 19:1-27

ലൂക്കൊസ് 19:1-27 വേദപുസ്തകം

അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ, യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല. എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി:സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു. അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു. സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു. അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ: കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി. അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു. അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു. ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു. രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു. മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു. നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു? പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു. കർത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു. ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.