ലൂക്കൊസ് 15:17-24

ലൂക്കൊസ് 15:17-24 വേദപുസ്തകം

അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.