ലൂക്കൊസ് 13:23-35

ലൂക്കൊസ് 13:23-35 വേദപുസ്തകം

അപ്പോൾ ഒരുത്തൻ അവനോടു: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു: ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും. അവനോ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിലിരിക്കും. മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു. ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും. എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകൻ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിൻ. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.