അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.] പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ: എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു. അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു. വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു. അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും. സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു. എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു, അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാർത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും. ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. അതിന്നു അവൻ:അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
ലൂക്കൊസ് 11 വായിക്കുക
കേൾക്കുക ലൂക്കൊസ് 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 11:1-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ