ലേവ്യപുസ്തകം 9:1-6

ലേവ്യപുസ്തകം 9:1-6 വേദപുസ്തകം

എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ചു, അഹരോനോടു പറഞ്ഞതു എന്തെന്നാൽ: നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം. എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിന്നു നിങ്ങൾ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും. മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു. അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.