ലേവ്യപുസ്തകം 26:40-46

ലേവ്യപുസ്തകം 26:40-46 വേദപുസ്തകം

അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ടു ഞാനും അവർക്കു വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും. അവർ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കയും അവർക്കു എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും. എങ്കിലും അവർ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു. ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കു വേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു. യഹോവ സീനായി പർവ്വതത്തിൽവെച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവ തന്നേ.