ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല. അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യിൽ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല. അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു. അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ. അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു; അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ? എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും. നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആർക്കറിയാം?
യോവേൽ 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോവേൽ 2:2-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ