യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു. യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു: ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു. അവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു. അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
യോഹന്നാൻ 6 വായിക്കുക
കേൾക്കുക യോഹന്നാൻ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 6:4-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ