യോഹന്നാൻ 6:25-35

യോഹന്നാൻ 6:25-35 വേദപുസ്തകം

കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു. ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു. അവർ അവനോടു: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.