പിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു. എന്നാൽ കർത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു. യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി. കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു. ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു. അവർ അവനോടു: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.
യോഹന്നാൻ 6 വായിക്കുക
കേൾക്കുക യോഹന്നാൻ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 6:22-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ