ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹാന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു. എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ടു ആവശ്യമില്ല: നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു. അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?
യോഹന്നാൻ 5 വായിക്കുക
കേൾക്കുക യോഹന്നാൻ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 5:31-47
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ