യോഹന്നാൻ 5:1-24

യോഹന്നാൻ 5:1-24 വേദപുസ്തകം

അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. അവൻ അവരോടു: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: നോക്കു, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു. യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോടു: എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‌വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറു ഇവയിൽ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും. പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.