യോഹന്നാൻ 4:13-26

യോഹന്നാൻ 4:13-26 വേദപുസ്തകം

യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. യേശു അവളോടു: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു. സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു. യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.

യോഹന്നാൻ 4:13-26 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും