യോഹന്നാൻ 3:22-35

യോഹന്നാൻ 3:22-35 വേദപുസ്തകം

അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി; അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു. അതിന്നു യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല. ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു. മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു. മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണ്കയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു; അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല. അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു. ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു. പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.