യോഹന്നാൻ 11:14-27

യോഹന്നാൻ 11:14-27 വേദപുസ്തകം

അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു. യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു. ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു. മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു