രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു. മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു. അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു. പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു. അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു. അവൻ അർത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ. ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു.
ഉല്പത്തി 41 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പത്തി 41:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ