ഉല്പത്തി 39:7-15

ഉല്പത്തി 39:7-15 വേദപുസ്തകം

യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അവൻ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടു: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല. ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‌വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു ഓടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.

ഉല്പത്തി 39:7-15 - നുള്ള വീഡിയോ