എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു. യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു. അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു. യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു, അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു. നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നേ അറിയാമല്ലോ. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‌വാൻ ദൈവം അവനെ സമ്മതിച്ചില്ല. പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു. ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു. ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു. നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റു, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു. റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ? അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ. ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക.
ഉല്പത്തി 31 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പത്തി 31:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ