അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി. യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു. ഏശാവ് യാക്കോബിനോടു: ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ) എന്നു പേരായി. നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു. അതിന്നു ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു. ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു. യാക്കോബ് ഏശാവിന്നു അപ്പവും പയറു കൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു
ഉല്പത്തി 25 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പത്തി 25:19-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ