ഉല്പത്തി 17:1-16

ഉല്പത്തി 17:1-16 വേദപുസ്തകം

അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും. ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി. നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു. ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം. ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.

ഉല്പത്തി 17:1-16 - നുള്ള വീഡിയോ