11
1അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു. 2അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു. 3വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു. 4അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു. 5അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വീണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു. 6നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു. 7അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും. 8നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാൻ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു. 9ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും. 10നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 11ഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു തന്നേ ഞാൻ നിങ്ങളെ ന്യായം വിധിക്കും. 12എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും. 13ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു. 14യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 15മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നതു. 16അതുകൊണ്ടു നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്കു കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും. 17ആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും. 18അവർ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും. 19#യെഹെസ്കേൽ 36:26-28അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും. 20അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. 21എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവർക്കു ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 22#യെഹെസ്കേൽ 43:2-5അനന്തരം കെരൂബുകൾ ചിറകു വിടർത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു. 23യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു. 24എന്നാൽ ആത്മാവു എന്നെ എടുത്തു, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി. 25ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.