എഫെസ്യർ 5:17-33

എഫെസ്യർ 5:17-33 വേദപുസ്തകം

ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.