എഫെസ്യർ 4:22-31

എഫെസ്യർ 4:22-31 വേദപുസ്തകം

മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു. കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു. കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.