ആവർത്തനപുസ്തകം 4:9-14

ആവർത്തനപുസ്തകം 4:9-14 വേദപുസ്തകം

കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം. വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ. അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശമദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു. യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല. നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു. നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.