ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചുനടക്കേണ്ടതിന്നു ഞാൻ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ. ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു. ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ. എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങൾ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു. നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു? കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
ആവർത്തനപുസ്തകം 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 4:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ