ദാനീയേൽ 3:1-7

ദാനീയേൽ 3:1-7 വേദപുസ്തകം

നെബൂഖദ്നേസർരാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി. നെബൂഖദ്നേസർരാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാൻ ആളയച്ചു. അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടി, നെബൂഖദ്നേസർ നിർത്തിയ ബിംബത്തിന്റെ മുമ്പാകെ നിന്നു. അപ്പോൾ ഘോഷകൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാൽ: കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണു, നെബൂഖദ്നേസർരാജാവു നിർത്തിയിരിക്കുന്ന സ്വർണ്ണബിംബത്തെ നമസ്കരിക്കേണം. ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും. അതുകൊണ്ടു സകലവംശങ്ങളും കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലവംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ്നേസർരാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിച്ചു.

ദാനീയേൽ 3 വായിക്കുക