ദാനീയേൽ 2:24-30

ദാനീയേൽ 2:24-30 വേദപുസ്തകം

അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു. അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു. ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു. ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു: രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു. എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അർത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.

ദാനീയേൽ 2 വായിക്കുക